കൊല്‍ക്കത്ത: എല്ലാ ഭാഷകളെയും ബഹുമാനിക്കണമെന്നും എന്നാല്‍ അത് മാതൃഭാഷയെ മറന്നുകൊണ്ടാകരുതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം.
എല്ലാ ഭാഷകളെയും സംസ്കാരത്തെയും തുല്യമായി ബഹുമാനിക്കണമെന്നും എന്നാല്‍ മാതൃഭാഷയെ മറക്കരുതെന്നും ഹിന്ദി ദിവസത്തിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ട് മമത ട്വീറ്റ് ചെയ്തു.
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സർദാർ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചിരുന്നു.


