എയര്‍ ഇന്ത്യയെ വാങ്ങാന്‍ ഒടുവില്‍ ടാറ്റ സണ്‍സ് തയാറെടുക്കുന്നു. ഈ മാസം അവസാനം നഷ്ടത്തില്‍ മുങ്ങിയ ദേശീയ എയര്‍ലൈനായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിനായുള്ള ഔദ്യോഗിക ബിഡ് ടാറ്റ സര്‍ക്കാരിന് നല്‍കിയേക്കും. എയര്‍ ഇന്ത്യ ഏറ്റെടുത്താല്‍ അതിനെ എങ്ങനെ ലാഭകരമാക്കാമെന്ന് പഠിച്ചുകൊണ്ടിരിക്കയാണ് ടാറ്റ സണ്‍സ്. ദേശീയ വിമാന കമ്പനിയെ ടാറ്റ ഏറ്റെടുത്താല്‍ അത് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഒരു മധുര പ്രതികാരം കൂടിയായിരിക്കും. ദേശീയ വിമാന കമ്പനിയെ പണ്ട് സര്‍ക്കാര്‍ ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് അത് ടാറ്റയുടെ സ്വന്തമായിരുന്നു.
1932ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ ജെആര്‍ഡി ടാറ്റയാണ് എയര്‍ ഇന്ത്യയുടെ ആദ്യരൂപത്തിന് തുടക്കമിട്ടത്. 1946ല്‍ ടാറ്റ പബ്ലിക് ലിമിറ്റഡ് കമ്പനിയായി, എയര്‍ ഇന്ത്യയെന്ന പേരും സ്വീകരിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ എയര്‍ ഇന്ത്യയില്‍ 49 ശതമാനം ഓഹരിയേറ്റെടുത്തു.
അതുകഴിഞ്ഞ്, 1953ലാണ് മേഖല ദേശസാല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യയെ ടാറ്റയില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കുന്നത്. ജെആര്‍ഡി ടാറ്റയ്ക്ക് ഏറെ മനോവിഷമമുണ്ടാക്കിയ തീരുമാനമായിരുന്നു അത്. അദ്ദേഹം ഭയപ്പെട്ടപ്പോലെ എയര്‍ ഇന്ത്യക്ക് സംഭവിക്കുകയും ചെയ്തു.
അതിനാല്‍ തന്നെ എയര്‍ ഇന്ത്യ വീണ്ടും സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ഏറ്റെടുക്കാന്‍ ടാറ്റയ്ക്ക് താല്‍പ്പര്യം കൂടുതലാണ്. നിലവില്‍ രണ്ട് വിമാനകമ്പനികളില്‍ ടാറ്റയ്ക്ക് കാര്യമായ ഓഹരിയുണ്ട്. വിസ്താരയും എയര്‍ ഏഷ്യ ഇന്ത്യയും ടാറ്റയുടെ കൂടി സഹഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നാമതൊരു കമ്പനി കൂടി വരുമ്പോള്‍ നിലവിലുള്ള ഏതെങ്കിലും എയര്‍ ഇന്ത്യയില്‍ ലയിക്കാനാണ് സാധ്യത. 58,351.93 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത.