ചെന്നൈ: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഔദ്യോഗിക വസതിയില്‍ 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. എഐഡിഎംകെ മന്ത്രി സഭയില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായിരിക്കെ സെന്തില്‍ ബാലാജി ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ബാലാജിക്ക് നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി ഡിഎംകെ നേതാക്കള്‍ രംഗത്തെത്തി. ഉദയനിധി സ്റ്റാലിന് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ സെന്തിലിനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡിഎംകെ പറഞ്ഞു.
സെന്തില്‍ ബാലാജിയുടെ സഹോദരന് അശോക് കുമാറിന്റെ ചെന്നൈയിലെയും കരൂരിലെയും വീടുകളിലും ഇവരുടെ ഉടമസ്ഥതയിലുള്ള വിവിധ കേന്ദ്രങ്ങളിലും സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട 40 ഓളം കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇഡി റെയ്ഡ്.
കരൂരില്‍ പരിശോധനയ്ക്കെത്തിയ ആദായനികുതി ഉദ്യോഗസ്ഥരെ മന്ത്രിയുടെ അനുയായികള്‍ ആക്രമിക്കുകയും ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ തട്ടിപ്പറിക്കുകയും ചെയ്തിരുന്നു. അക്രമികള്‍ക്കെതിരെ ലോക്കല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.


