ന്യൂദല്‍ഹി: ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് മാതൃകാ പെരുമാറ്റ ചട്ടം നടപ്പില്‍ വരുത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ പതിച്ച ബാനറുകള്‍ പെട്രോള്‍ പമ്പുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിര്‍ദേശം.

ന്യൂദല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇത് നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ ഏജന്സികളിളുമായി ചര്‍ച്ച നടത്തിയിരുന്നു. ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, മുനിസിപ്പല്‍ കോര്പറേഷന് ഇതുമായി ബന്ധപ്പെട്ട് പരസ്യദാതാക്കള്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ചിത്രമുള്ള എല്ലാ പരസ്യചിത്രങ്ങളും ഇന്ന് രാത്രി 10 മണിക്ക് മുമ്പായി നീക്കം ചെയ്യണമെന്ന് ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍, ഭാരത് പ്രെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവിടങ്ങളില്‍ മാത്രമായി 56,000 പെട്രോള്‍ പമ്പുകളാണ് രാജ്യത്തുള്ളത്. ഇതില്‍ ഏതാണ്ടെല്ലായിടത്തും പ്രധാന് മന്ത്രി ഉജ്ജ്വല്‍ യോജനയുടെ പരസ്യം നരേന്ദ്ര മോദിയുടെ ചിത്രം സഹിതം ഉണ്ട്.

