ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന കേസില്‍ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ കുറ്റപത്രം. കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങി നിരവധി പേരെ പ്രതി ചേര്‍ത്താണ് ദില്ലി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റാണ് കനയ്യ കുമാര്‍. 1200 പേജുള്ള കുറ്റപത്രം ചൊവ്വാഴ്ച പാട്യാല കോടതി പരിശോധിക്കും.
ഇന്ത്യ ശിക്ഷാനിയമത്തിലെ ഗൗരവമേറിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹം, വ്യാജരേഖയുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, ഗൂഢ ഉദ്ദേശത്തോടെ നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടക്കല്, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് നടക്കുന്നതെന്ന് കനയ്യ കുമാര്‍ പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമായിട്ടാണ് കേസെടുത്തത്. കുറ്റപത്രവും അങ്ങനെ തന്നെ. പോലീസിനും മോദിക്കും നന്ദി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. തിരഞ്ഞെടുപ്പ് വരാന്‍ കാത്തിരിക്കുകയായിരുന്നു പോലീസ്. ജുഡീഷ്യറിയിലും രാജ്യത്തിലും വിശ്വാസമുണ്ടെന്നും കനയ്യ കുമാര്‍ പറഞ്ഞു.

