പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ ഹാസന്. രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ 1000 കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് കമല്‍ ഹാസന് ചോദിച്ചു. ട്വിറ്ററിലൂടെയാണ് കമല്‍ ഹാസന് വിമര്‍ശനമുന്നയിച്ചത്.
‘കൊറോണ മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് രാജ്യത്തെ പകുതിയിലേറെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ എന്തിന് വേണ്ടിയാണ് 1000 കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത്? ഇപ്പോള്‍ ആരെ സംരക്ഷിക്കാനാണ് ഈ ആയിരം കോടിയുടെ പാര്‍ലമെന്റ് മന്ദിരം കെട്ടിപ്പൊക്കുന്നത്? എത്രയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഒരു മറുപടി തരുമോ,’ കമല്‍ ഹാസന് ട്വീറ്റ് ചെയ്തു.


