ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഒരേസമയം 4 നഗരങ്ങളിൽ സ്ഫോടനത്തിനു പദ്ധതിയിട്ടു. 2 പേരടങ്ങുന്ന 4 സംഘങ്ങളായി സ്ഫോടനം നടത്താൻ ആയിരുന്നു ഇവരുടെ ശ്രമം. ഇതിനായി സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആയിരുന്നു ആശയവിനിമയമെന്നും പൊലീസ് പറയുന്നു. സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട ഇവർ കൂടുതൽ വാഹനങ്ങൾ വാങ്ങിയിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഐ 20, എക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി കസ്റ്റഡിയിലെടുത്തവർ വാങ്ങിയതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായാണ് നിഗമനം. ഇവർ വാങ്ങിയെന്ന് സംശയിക്കുന്ന രണ്ട് കാറുകൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
ഡിസംബർ ആറിന് ഉത്തരേന്ത്യയിൽ വലിയ രീതിയിലുള്ള സ്ഫോടനം നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിന് വേണ്ടിയാണ് കൂടുതൽ വാഹനങ്ങൾ പ്രതികൾ വാങ്ങിയത്. സ്ഫോടക വസ്തുക്കൾ നിറച്ച് വാഹനം രാജ്യത്തിന്റെ പല ഭാഗങ്ങളിലെത്തിച്ച് സ്ഫോടനം ഉണ്ടാക്കാൻ ആയിരുന്നു പ്രതികൾ പദ്ധതിയിട്ടത്. ആദ്യം ഒക്ടോബർ 21ന് ഐ20 കാർ വാങ്ങുന്നത്. ഇതിന് ശേഷമാണ് ചുവന്ന എക്കോ സ്പോർട്ട് വാഹനം വാങ്ങുന്നത്. ഈ വാഹനം ഇന്നലെ കണ്ടെത്തിയിരുന്നു. ഈ വാഹനവും സ്ഫോടക വസ്തുക്കൾ കടത്തി സ്ഫോടനം ഉണ്ടാക്കാൻ വേണ്ടി വാങ്ങിയതാണെന്ന് അന്വേഷണ സംഘം പറയുന്നു.


