ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍നിന്നും ചോര്‍ത്തിയെന്നും ഫോട്ടോ കോപ്പി മുഖേനയാണ് രഹസ്യങ്ങള്‍ മോഷ്ടിച്ചതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

രേഖകള്‍ ചോര്‍ന്നതില്‍ അന്വേഷണം നടക്കുകയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. വ്യാഴാഴ്ച സുപ്രീംകോടതി റഫാല്‍ കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
നേരത്തേ റഫാല്‍ കേസില്‍ പുനപരിശോധന ഹര്‍ജി പരിഗണിക്കവെ പ്രതിരോധ രേഖകള്‍ മോഷണം പോയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതീവ രഹസ്യമായ ഈ രേഖകള്‍ പരസ്യപ്പെടുത്തിയത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.


