ന്യൂഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി നടപടി തുടങ്ങിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമടക്കം നിരവധി ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ലക്ഷകണക്കിന് ട്വിറ്റര്‍ അനുയായികളെ നഷ്ടമായി.
ഏറ്റവും കൂടുതല്‍ വ്യാജ പ്രൊഫൈലുകാര്‍ പിന്തുടരുന്നതായി കണ്ടെത്തിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടാണ്. വ്യാജ ഐഡികള്‍ പൂട്ടിച്ച് തുടങ്ങിയതോടെ കഴിഞ്ഞ ജൂലായ് മുതല്‍ ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം മോദിക്ക് മൂന്ന് ലക്ഷത്തോളം ട്വിറ്റര്‍ അനുയായികളെയാണ് നഷ്ടമായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 17,000 പേരേയും നഷ്ടപ്പെട്ടു.
കഴിഞ്ഞ നവംബര്‍ മുതല്‍ ട്വിറ്റര്‍ വ്യാജ അക്കൗണ്ട് വേട്ട കര്‍ശനമാക്കിയതോടെ ഒരു ലക്ഷത്തോളം പേരെ അനുയായികളെ മോദിക്ക് നഷ്ടമായിട്ടുണ്ട്. രാഹുലിന് ഒമ്പതിനായിരം പേരെയും.
ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നടത്തിയ പഠനത്തിലാണ് ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്. രാജ്യത്തെ പ്രധാനപ്പെട്ട 925 ഓളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ അക്കൗണ്ടുകളിലാണ് ഇത്തരത്തില്‍ പരിശോധന നടത്തിയത്.


