പട്യാല: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെയെല്ലാം ഒരു പ്രണയകടാക്ഷത്തിലൊതുക്കി പാക്കിസ്ഥാനിലെ സിയാല്കോട്ടുകാരി കിരണ്‍ സര്‍ജീത് കൗറും ഹരിയാനക്കാരന് പര്‍വീന്ദര്‍ സിങ്ങും പുതിയ ജീവിതത്തിലേക്ക്. ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം വൈകിയ വിവാഹമാണു പട്യാലയിലെ ഖേല്‍ സാഹിബ് ഗുരുദ്വാരയില്‍ സിഖ് മതാചാര പ്രകാരം ശനിയാഴ്ച നടന്നത്. അംബാലയിലെ ഭര്തൃവീട്ടിലെത്താന് കിരണി(27)ന് ഇനിയും അധികൃതരുടെ അനുമതി കിട്ടിയിട്ടില്ല. പാക്ക് യുവതി ഇനി ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കും.

ടെലികോം ഓപ്പറേറ്ററാണു പര്‍വീന്ദര്‍ (33). അകന്ന ബന്ധുകൂടിയായ കിരണുമായി 3 വര്‍ഷം മുന്‍പായിരുന്നു വിവാഹനിശ്ചയം. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പാക്ക് വീസയ്ക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. കിരണിനും വീട്ടുകാര്‍ക്കും 45 ദിവസ വീസയില്‍ പട്യാലയിലെത്താന് അനുമതി കിട്ടിയപ്പോള്‍, ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസില്‍ യാത്ര നിശ്ചയിച്ചു. പുല്‍വാമ ഭീകരാക്രമണത്തോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. വിവാഹം വൈകി. സര്‍വീസ് പുനരാരംഭിച്ച ട്രെയിനില്‍ വ്യാഴാഴ്ചയാണ് കിരണ്‍ പട്യാലയിലെത്തിയത്. 1947ലെ വിഭജനകാലത്ത് പാക്കിസ്ഥാനില്‍ തുടരാന്‍ തീരുമാനിച്ചവരുടെ കുടുംബത്തിലെ കണ്ണിയാണു കിരണ്‍.

