ദില്ലി: ജനറൽ എംഎം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പകർപ്പ് പ്രചരിപ്പിച്ചതിൽ അന്വേഷണം ഊർജ്ജിതമാക്കി ദില്ലി പൊലീസ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പ്രസാധകരായ പെൻഗ്വിൻ ബുക്ക്സിന് നോട്ടീസ് നൽകി. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന നരവനെയുടെ പ്രതികരണം രാഹുലിനെതിരെ ബിജെപി ആയുധമാക്കി. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് സർക്കാർ ഭയപ്പെടുത്തി പറയിക്കുകയാണെന്ന് കെസി വേണുഗോപാൽ എംപി വിമർശിച്ചു.
അനുമതി ലഭിക്കാത്ത പുസ്തകത്തിന്റെ പകർപ്പ് പ്രചരിപ്പിച്ചതിന് പിന്നിലാര് എന്നത് തേടുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായിട്ടാണ് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൌസിന് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ നോട്ടീസ് അയച്ചത്. പ്രസാധനവുമായി ബന്ധപ്പെട്ട കരാർ, പുസ്തകം പുറത്തിറക്കാൻ സ്വീകരിച്ച നടപടികൾ അടക്കം പരിശോധിക്കും. പ്രചരിച്ച പിഡിഎഫ് പതിപ്പിൽ പെൻഗ്വിൻ ബുക്ക്സിന്റെ കോപ്പിറെറ്റ് ലോഗോ അടക്കം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇത് പുറത്തായത് എങ്ങനെ എന്നത് പരിശോധിക്കും. കേസിൽ ക്രിമിനൽ ഗൂഢാലോചന വകുപ്പും ഉടൻ ചുമത്തുമെന്നാണ് വിവരം. പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുൽ സഭയിൽ കൊണ്ടുവന്നത് ഉയർത്തിക്കാട്ടി ബിജെപി വിമർശനം കടുപ്പിക്കുകയാണ്. ജനറൽ നരവനെ തന്നെ പുസ്തകം പുറത്തിറക്കിയിട്ടില്ലെന്ന് വ്യക്തമാക്കുമ്പോൾ രാഹുലിന് പുസ്തകം ലഭിച്ചതിൽ ദൂരൂഹത ആരോപിക്കുകയാണ് ബിജെപി. എന്നാൽ ആമസോണിൽ നിന്നാണ് പുസ്തകം ലഭിച്ചതെന്ന വാദം ആവർത്തിക്കുകയാണ് കോൺഗ്രസ്.


