ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിജയത്തില്‍ ഇരട്ടിമധുരവുമായി ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കേജരിവാള്‍ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയും കേജരിവാളിന്റെ വിശ്വസ്തനുമായ മനീഷ് സിസോദിയ, അതിഷി മര്‍ലീന എന്നിവരുടെ വിജയമാണ് എഎപിക്ക് സന്തോഷം നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ ഇരുവരും പിന്നിലായിരുന്നു. പിന്നീട് ലീഡ് മാറിയും മറിഞ്ഞും വന്നു. എഎപിയുടെ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്താന്‍ കരുത്തുള്ളതുമായിരുന്നു സിസോദിയുടെ വീഴ്ച. എന്നാല്‍ അവസാന റൗണ്ടുകളില്‍ സിസോദിയയും മര്‍ലീനയും പിടിച്ചുകയറി വിജയം സ്വന്തമാക്കുകയായിരുന്നു. പട്പട്ഗഞ്ചില്നിന്നാണ് സിസോദിയ ഡല്‍ഹി നിയമസഭയില്‍ എത്തുന്നത്. എഎപിയുടെ ശക്തികേന്ദ്രമായ ഇവിടെ ബിജെപിയുടെ രവി നേഗിയെയാണ് സിസോദിയ കടുത്ത പോരാട്ടത്തില്‍ പിന്നിലാക്കിയത്. കേജരിവാള്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം കൂടിയായിരുന്നു സിസോദിയ.
കല്ക്കാജിയില്നിന്നാണ് അതിഷി മര്‍ലീന നിയമസഭയില്‍ എത്തുന്നത്. ബിജെപിയുടെ ധരംബിര്‍ സിംഗിനെയാണ് മര്‍ലീന പരാജയപ്പെടുത്തിയത്. സിറ്റിംഗ് എംഎല്‍എ അവതാര്‍ സിംഗിനെ മാറ്റിയാണ് എഎപി മര്‍ലീനയ്ക്കു മത്സരിക്കാന്‍ സീറ്റ് നല്‍കിയത്. 50.92 ശതമാനം വോട്ട് മര്‍ലീനയ്ക്കു ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


