ന്യൂഡെല്‍ഹി: കഴിഞ്ഞ ദിവസം സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ അലോക് വര്‍മ രാജിവെച്ചു. ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ ചുമതല ഏറ്റെടുക്കാന്‍ അലോക് വര്‍മ്മയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വിസമ്മതം അറിയിച്ചിരുന്നു.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് മുമ്പാകെ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും അലോക് വര്‍മ്മ കത്തില്‍ പറയുന്നുണ്ട്. തന്നെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റുകയെന്ന ലക്ഷ്യത്തില്‍ എല്ലാ നടപടി ക്രമങ്ങളും കീഴ്മേല്‍ മറിക്കുകയായിരുന്നു. സി.ബി.ഐ കേസെടുത്തിട്ടുള്ള ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.വി.സി റിപ്പോര്‍ട്ട് എന്നത് സെലക്ഷന് കമ്മറ്റി പരിഗണിച്ചില്ല.
ജൂലൈ 31ന് തന്റെ വിരമിക്കല്‍ പ്രായം കഴിഞ്ഞതാണെന്നും സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍ ജനുവരി 31 വരെ തുടരാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തതെന്നും അദ്ദേഹം കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കം ചെയ്ത് ഫയര്‍സര്‍വ്വീസസ് ഡി.ജി പദവി ഏറ്റെടുക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ പദവിയുടെ പ്രായ പരിധി കഴിഞ്ഞതിനാല്‍ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നാണ് വര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.


