ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ വിധവയെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടങ്ങള്. ഞായറാഴ്ച സോണിയ ഗാന്ധിക്ക് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസിച്ചതിന് പിന്നാലെയാണ് മോഡി വിവാദ പരാമര്‍ശം നടത്തിയത്.
വിധവ പെന്ഷന് പദ്ധതിയില്‍ അഴിമതി നടന്നുവെന്ന് ആരോപിക്കുന്നതിനിടയിലാണ് മോഡി സോണിയ ഗാന്ധിയെ വിധവയെന്ന് വിളിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിധവ ആരാണോ അവര്‍ക്കാണ് ഈ പണം ലഭിക്കുക എന്നായിരുന്നു മോഡി രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പറഞ്ഞത്.
കുറഞ്ഞ പക്ഷം പ്രധാനമന്ത്രി തന്റെ ഔദ്യോഗീക പദവിയുടെ നിലവാരമെങ്കിലും പാലിക്കണമെന്ന് നിരവധി പേര് ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി മന് മോഹന്‍ സിംഗിനെയാണ് പലരും മോഡിയുമായി താരതമ്യപ്പെടുത്തിയത്. മന് മോഹന്‍ സിംഗില്‍ നിന്നും മോഡിക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

