ന്യൂഡല്‍ഹി: പോളിങ് ബൂത്തിലേക്ക് പോകുന്ന രാജ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ അഭൂതപൂര്‍ണ്ണമായ വര്‍ധന. 3,83,225 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരാണ് ഇത്തവണ പോളിങ് ബൂത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ 28,314 പേര് മാത്രമാണ് ഈ വിഭാഗത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ചില മണ്ഡലങ്ങളില്‍ ഇവരില്‍ ആരും തന്നെ വോട്ട് ചെയ്യാന്‍ എത്തിയില്ലെന്നതും ശ്രദ്ധേയം.

ഈ വര്‍ഷം 90 കോടി വോട്ടര്‍മാര്‍ 10 ലക്ഷം പോളിങ് ബൂത്തുകളില്‍ സമ്മതിദാനാവകാശം നിര്‍വ്വഹിക്കാന്‍ ഒരുങ്ങുമ്ബോള്‍, നാല് ലക്ഷത്തോളം പേര് സ്വന്തം ഐഡന്റിറ്റിയില്‍ തങ്ങളുടെ അവകാശം നേടുന്നുവെന്നത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഇതാദ്യം. അതായത് പതിന്മടങ്ങില് കൂടുതല്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മറ്റു വിഭാഗം എന്നപേരില്‍ 2009 ലാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചു കൊണ്ട് പ്രഖ്യാപനം നടത്തിയത്. 2014 ലെ കണക്കുകള്‍ പ്രകാരം രാജ്യത്താകമാനം 4.9 ലക്ഷം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളാണുള്ളത്. എന്നിട്ടായിരുന്നു ഇവരില്‍ വളരെക്കുറച്ചു പേര് മാത്രം ‘മറ്റു വിഭാഗം’ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തത്.

