കൊല്‍ക്കത്ത: താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച സാഹചര്യത്തിലാണ് മമതയുടെ രൂക്ഷ പ്രതികരണം. പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ പട്ടികയാണെങ്കിലും ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്ന് മമത പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് സഭയില്‍ നടക്കുന്നത്. ന്യൂനപക്ഷങ്ങളെ വേട്ടായാടാനുള്ള ഉദ്ദേശം മാത്രമാണ് ബില്ലിനുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബില്ലിനെ സഭയില്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ലോക്സഭയില്‍ ബില്ലിനെതിരെ തൃണമൂല്‍ അംഗങ്ങള്‍ നിലപാടെടുത്തിരുന്നു.
രാജ്യത്തുടനീളം ബില്ലിനെതിരെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. അസമില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു. പാര്‍ലമെന്റിന് പുറത്ത് മുസ്ലിംലീഗ് എംപിമാരുടെ നേതൃത്വത്തില്‍ ബില്ലിനെതിരെ പ്രതിഷേധിച്ചു.


