ഛത്തീസ്ഗഢ്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പേ അഞ്ച് സംസ്ഥാനങ്ങളിലേക്കായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനൊരുങ്ങുന്ന നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് നേര്‍ക്ക് നേര്. ഛത്തീസ് ഘട്ടിലാണ് ഇന്ന് ഇരുവരും പ്രചാരണത്തിനിറങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ലോക്സഭയില്‍ പ്രതിഫലിക്കുമെന്നതിനാല്‍ ശക്തി തെളിയേക്കേണ്ടത് ഇരുപാര്‍ട്ടികളുടെയും ആവശ്യമാണ്.
മോദിയുടെ 30 ലധികം റാലികള്‍ അഞ്ച് സംസ്ഥാനങ്ങളിലുമായി നടത്താനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. നക്സല്‍ സ്വാധീന മേഖലയായ ബസ്തറിലെ ജഗദാല്‍ പൂരില്‍ നിന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടുന്നത്.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പ്രചാരണം മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മണ്ഡലമായ രാജ് നന്ദഗാവിലാണ്. ഇന്ന് മണ്ഡലത്തില്‍ തങ്ങുന്ന രാഹുല്‍ അവിടെ റോഡ് ഷോയും നടത്തും. മോദി ഇന്ന് പ്രചാരണം നടത്തുന്ന ജഗദാല്‍ പൂരില്‍ മറുപടി പ്രചാരണവുമായി രാഹുല്‍ നാളെ എത്തും. രണ്ട് ദിവസം ഛത്തീസ്ഘട്ടില്‍ രാഹുല്‍ പ്രചാരണം നടത്തും.
കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന കര്‍ണാടകയില്‍ ഏറ്റ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രചാരണത്തിലൂടെ ബിജെപിയുടെ പ്രഭാവം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ മോദി എല്ലാ അടവും പുറത്തെടുക്കും. അതേസമയം, മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്ന് കാട്ടി രാഹുല്‍ ഗാന്ധിയും കടുത്ത പ്രത്യാക്രമണം നടത്തും.

