മുംബൈ: പാകിസ്താനിൽ നടന്ന മിന്നലാക്രമണത്തിനും ഈ വർഷത്തെ കേന്ദ്രബജറ്റിനും ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയത വർധിച്ചതായി സർവേഫലം. ബാലാകോട്ടെ ഭീകരകേന്ദ്രത്തിൽ വ്യോമസേന മിന്നലാക്രമണം നടത്തുന്നതുവരെ കോൺഗ്രസ് അധ്യക്ഷനെക്കാൾ 24.4 ശതമാനം ജനപ്രിയതമാത്രമേ മോദിക്കുണ്ടായിരുന്നുള്ളൂ. എന്നാൽ, അതിനുശേഷം 13.3 ശതമാനംകൂടി ജനപ്രിയത വർധിച്ചു.

റിപ്പബ്ലിക് ടി.വി. സി വോട്ടറുമായി സഹകരിച്ച് നടത്തിയ ദേശീയ അംഗീകാര വിലയിരുത്തൽ സർവേയാണ് ഈ നിഗമനത്തിലെത്തിയത്. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് ഏഴുവരെയാണ് സർവേ നടത്തിയത്. സർവേക്കുവേണ്ടി 4506 പേരെ സമീപിച്ചതിൽ 53 ശതമാനം പേർ മോദിയെ പിന്തുണച്ചു. 36.2 ശതമാനം പേർ രാഹുൽഗാന്ധിയെ പിന്തുണച്ചു. 6.6 ശതമാനം പേർ ഇരുവരും അടുത്ത പ്രധാനമന്ത്രിയാകേണ്ടെന്ന് അഭിപ്രായപ്പെട്ടു. 4.2 ശതമാനം പേർ കൃത്യമായി മറുപടി നൽകിയില്ല.


