ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഭക്ഷണങ്ങളുടെ നിലവാരം, ന്യായവില, ശുചിത്വം, അളവ് തുടങ്ങിയവ ഉറപ്പുവരുത്താന്‍ ഉപഭോക്തൃ സംരക്ഷണ ഭേദഗതി നിയമത്തില്‍ ഈ മേഖലയെ കൊണ്ടുവരാനാണ് നീക്കം. രാജ്യസഭയില്‍ സിപിഐ അംഗം കെ.സോമപ്രസാദിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന് എം.പിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു.
ഈ മേഖലയെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത കെ.സോമപ്രസാദ് അറിയിച്ചു. ഓണ്‍ലൈന്‍ മരുന്നുവ്യാപാരം ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുന്നതും പരിഗണനയിലാണ്.


