ന്യൂഡല്‍ഹി: ഡല്‍ഹി ബി.ജെ.പി തന്നെ ഭരിക്കുമെന്ന് തന്റെ ആറാം ഇന്ദ്രിയം പറയുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്ബോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഡല്‍ഹിയില്‍ ബി.ജെ.പി 50 ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
‘ഇന്ന് എല്ലായിടങ്ങളിലും ബി.ജെ.പിയ്ക്ക് അനുകൂലമായ സ്പന്ദനങ്ങള്‍ എനിക്ക് മനസിലാക്കാന്‍ കഴിയുന്നു. ആറാമിന്ദ്രിയത്തില്‍ വിശ്വസിക്കുന്നവരുണ്ടെങ്കില്‍, എന്റെ ആറാമിന്ദ്രിയം എന്നോട് പറയുന്നു ബിജെപി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന്,’ തിവാരി പറഞ്ഞു. ബി.ജെ.പി നാല്പതിലധികം സീറ്റുകള്‍ സ്വന്തമാക്കുമെന്നായിരുന്നു അമിത് ഷായും കഴിഞ്ഞ ദിവസം പറഞ്ഞത്. ബി.ജെ.പി 50ലധികം സീറ്റുകളില്‍ വിജയിക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷും പറഞ്ഞു.


