ദില്ലി: ഇറാൻ-യുഎസ് ബന്ധം യുദ്ധത്തിലേക്ക് തന്നെയാണ് നീങ്ങുന്നതെന്ന സംശയം കൂടുതൽ ശക്തമായ സാഹചര്യത്തില്‍, ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ സാഹചര്യമല്ലെങ്കിൽ യാത്ര മാറ്റിവയ്ക്കണം എന്നാണ് ആവശ്യം. ഇറാന്റെ പ്രത്യാക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തിവരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യന്ത്രി എസ്. ജയശങ്കര്‍ ഇറാൻ വിദേശകാര്യമന്ത്രിയുമായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായും സംസാരിച്ചു.
ഇറാഖിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. ഇവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനും രാജ്യത്തിനകത്തെ സഞ്ചാരം ഒഴിവാക്കാനുമാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശം. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയും ഇര്‍ബിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സാധാരണ നിലയില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും.
ഇറാൻ-അമേരിക്ക ബന്ധം കൂടുതൽ അപകടകരമായ പാതയിലേക്ക് നീങ്ങിയതോടെ ഗൾഫ് മേഖലയിലൂടെയുള്ള സർവ്വീസുകൾ ഒഴിവാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇറാഖിന്റേയും ഇറാന്റേയും വ്യോമപാതയിലൂടെയുള്ള സഞ്ചാരം ഒഴിവാക്കണമെന്നാണ് നിർദ്ദേശിച്ചത്.


