ബംഗളൂരു: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തെ ന്യായീകരിച്ച് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഭാസ്കർ റാവു. പൊലീസിന്റേത് ശരിയായ നടപടിയാണെന്നും അവസരോചിതമായാണ് പൊലീസ് പെരുമാറിയതെന്നും അദ്ദേഹം ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതികൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിൽ അത് പൊലീസിനു സൃഷ്ടിക്കുന്ന സമ്മർദ്ദം ചെറുതല്ല. കൊല നടത്തിയത് പുന:രാവിഷ്ക്കരിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും അതിനിടയ്ക്ക് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതാണ് പൊലീസിന്റെ ഭാഗത്തു നിന്ന് കടുത്ത നടപടി ഉണ്ടാവാൻ കാരണമായതെന്നും കമ്മീഷണർ വ്യക്തമാക്കി. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച സമയത്ത് പൊലീസിനു മുന്നിൽ വേറെ വഴികളില്ലായിരുന്നുവെന്നും റാവു കൂട്ടിച്ചേർത്തു.


