ലക്നൗ: ബുലന്ദ്ഷെഹറിൽ പൊലീസ് ഇൻസ്പക്ടർ സുബോധ് കുമാർ സിങ് ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ രാത്രി ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. കേസിൽ യുവമോർച്ചാ നേതാവ് ശിഖർ അഗർവാൾ ഉൾപ്പടെയുള്ളവർ പിടിയിലായിട്ടില്ല. 
പശുക്കളെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊടുന്നനെയുണ്ടായ കലാപത്തിനിടയിലാണ് ബുലന്ദ്ഷെഹർ സ്റ്റേഷൻ ഓഫീസറായ സുബോധ് കുമാർ സിംഗ് കൊല്ലപ്പെട്ടത്. ഇടത് കണ്ണിന് വെടിയേറ്റ നിലയിൽ കാറിനുള്ളിലാണ് പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്.
ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയിൽ ഗോസംരക്ഷകർ അടിച്ചു കൊന്ന അഖ്ലാഖിന്റെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് സുബോധ് കുമാർ. ഇദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കാനുള്ള കാരണവും ഇതാണ്. സംഘർഷത്തിന്റെ മറവിൽ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ട്. കല്ലേറിൽ പരിക്കേറ്റ് സഹപ്രവർത്തകർക്കൊപ്പം ആശുപത്രിയിലേക്ക് പോകുകയായിരുന്ന സുബോധ് കുമാറിന്റെ വാഹനത്തെ പിന്തുടർന്നാണ് ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തിയത്. വെടിയുണ്ട തലച്ചോറിൽ തറച്ച അവസ്ഥയിലായിരുന്നു കാണപ്പെട്ടത്.

