ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ സംയുക്ത പ്രസ്താവനയിൽ ധാരണയായി. ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നതരത്തിൽ മാലദ്വീപ് ഒരിക്കലും ഒന്നും ചെയ്യില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയ്സു വ്യക്തമാക്കി. സമുദ്ര രംഗത്തെ സുരക്ഷയടക്കം വിഷയങ്ങളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് നീങ്ങും. മാലിദ്വീപിലെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ബെംഗളൂരുവിൽ പുതിയ മാലിദ്വീപ് കോൺസുലേറ്റ് തുറക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും മോദി പറഞ്ഞു. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുമ്പോഴും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കോട്ടംതട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ മാലദ്വീപ് പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് മുയ്സു വ്യക്തമാക്കി.ഇതാദ്യമായാണ് ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി മുയ്സു ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ത്യയില്‍ വന്നിരുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിയ ഉടനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

