ദേശീയ തലസ്ഥാനമായ ദില്ലിയിൽ ഈ വർഷം ജനുവരി ഒന്നിനും സെപ്റ്റംബർ ആറിനും ഇടയിൽ 163 ശുദ്ധ വായു ലഭിച്ച ദിനങ്ങൾ (clean air days) രേഖപ്പെടുത്തി. ഈ വർഷത്തെ കണക്കുകൾ കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധേയമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 2016 -ൽ 110 ദിനങ്ങൾ, 2017-ൽ 152 ദിനങ്ങൾ, 2018 -ൽ 159 ദിനങ്ങൾ എന്നിങ്ങനെയായിരുന്നു ഡൽഹിയിലെ ഓരോ വർഷത്തെയും ആകെ ശുദ്ധവായു ലഭിച്ച ദിനങ്ങളുടെ എണ്ണം.
2022 -ൽ ഡൽഹിയിൽ 163 ശുദ്ധവായു ലഭിച്ച ദിനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ വർഷത്തേത് ചരിത്രപരമായ നേട്ടമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കാരണം 2025 അവസാനിക്കാൻ നാലുമാസത്തോളം ബാക്കിനിൽക്കെയാണ് 163 ദിനങ്ങൾ ഡൽഹിയിൽ ഉണ്ടായത്. എണ്ണം ഇനിയും കൂടും എന്നാണ് പരിസ്ഥിതി മന്ത്രാലയവും പാരിസ്ഥിതിക വിദഗ്ദ്ധരും വിലയിരുത്തുന്നത്.
കൂടാതെ ഈ നിർണായക നേട്ടത്തിലെ മറ്റൊരു നാഴികക്കല്ല് ആഗസ്റ്റ് മാസത്തിലെ 31 ദിവസങ്ങളും ക്ലീൻ എയർ ഡേയായി രേഖപ്പെടുത്തി എന്നതാണ്. സെപ്റ്റംബർ മാസത്തിലെ ആദ്യ ആറു ദിവസവും ഇതിൻറെ തുടർച്ചയായി തന്നെ ക്ലീൻ എയർ ഡേ ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


