സംഘർഷത്തിന് ആയവ് വരുത്താം എന്ന് പാകിസ്താൻ പ്രതിരോധമന്ത്രി. ഇന്ത്യ ആക്രമണം നിർത്തിയാൽ തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാൽ പാകിസ്താനും പിന്മാറാം എന്ന് പാക് പ്രതിരോധമന്ത്രി അറിയിച്ചു. പാകിസ്താൻ മൂന്ന് ഇന്ത്യൻ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായി നേരത്തെ നടത്തിയ പ്രസ്താവന ആസിഫ് പിൻവലിച്ചു.
ഇന്ത്യൻ സൈനികരിൽ ആരെയും പിടികൂടുകയോ തടവുകാരായി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സൈന്യം പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളിൽ ഓപ്പറേഷൻ സിന്ദൂർ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ആസിഫിന്റെ പ്രതികരണം.
“ഇത് ഇന്ത്യ മുൻകൈയെടുത്തതാണ്. ഇന്ത്യ പിന്മാറാൻ തയ്യാറാണെങ്കിൽ സംഘർഷത്തിന് ആയവ് വരുത്താം, ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാൽ പാകിസ്താനും പിന്മാറാം. ഇന്ത്യയ്ക്കെതിരെ ശത്രുതയുള്ള ഒരു നടപടിയും ഞങ്ങൾ ഒരിക്കലും സ്വീകരിക്കില്ല. പക്ഷേ, ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ, ഞങ്ങൾ പ്രതികരിക്കും. ഇന്ത്യ പിന്മാറിയാൽ, ഞങ്ങൾ തീർച്ചയായും ഈ ആക്രമണം അവസാനിപ്പിക്കും. “- ആസിഫ് പറഞ്ഞു.