ചെന്നൈ: കൊറിയന്‍ ബാന്‍ഡ് സംഘമായ ബിടിഎസിനെ കാണാന്‍ വീടുവിട്ടിറങ്ങിയ മൂന്ന് പെണ്‍കുട്ടികളെ കട്പാടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തി.തമിഴ്നാട് കരൂര്‍ സ്വദേശികളായ 13 വയസുകാരെയാണ് കണ്ടെത്തിയത്.വിശാഖപട്ടണത്തെത്തി അവിടെനിന്ന് കപ്പല്‍ മാര്‍ഗം കൊറിയയിലേക്കു കടക്കാനായിരുന്നു ഇവരുടെ പദ്ധതി. വ്യാഴാഴ്ച സ്കൂളിലേക്കെന്ന് പറഞ്ഞ് ഇവര്‍ 14000 രൂപയുമായി വീട്ടില്‍നിന്ന് ഇറങ്ങി.
ബസ് മാര്‍ഗം ഈ റോഡില്‍ എത്തിയ കുട്ടികള്‍ ഇവിടെനിന്ന് ട്രെയിനില്‍ ചെന്നൈയില്‍ എത്തി. ഇവിടെ ഒരു ഹോട്ടലില്‍ താമസിച്ച ശേഷം പിറ്റേന്ന് വിശാഖപട്ടണത്തേയ്ക്ക് ട്രെയിനില്‍ യാത്ര തിരിക്കുകയായിരുന്നു.കട്പാടി സ്റ്റഷനില്വച്ച് ചായകുടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ട്രെയിന്‍ വിട്ടുപോയി. പിന്നീട് ഏറെ നേരം സ്റ്റേഷനില്‍ ഇരിക്കുന്നത് കണ്ട് റെയില്‍വേ പോലീസിന് സംശയം തോന്നി ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയില്‍ കുട്ടികള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്. കൗണ്‍സിലിംഗ് നല്കിയ ശേഷം ഇവരെ രക്ഷിതാക്കള്‍ക്ക് കൈമാറും.