ന്യൂഡെല്‍ഹി: ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്ത് പത്ത് ശതമാനം സാമ്പത്തിക സംവരണം കൂടി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് നിര്‍ണ്ണായക തീരുമാനം കൈകൊണ്ടത്. ഇതിനായുള്ള ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.
മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലുമാണ് ഈ സംവരണം. എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവരായിരിക്കണം, 5 ഹെക്ടറില്‍ അധികം കൃഷിയിടം പാടില്ല, വീടിന്റെ വലിപ്പം ആയിരം ചതുരശ്ര അടിയില്‍ കൂടരുത് എന്നിവയാണ് സാമ്പത്തിക പിന്നാക്കവാസ്ഥ കണക്കാക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങള്‍. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനം നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ നാളെ തന്നെ ലോക്സഭയില്‍ ഇതിനായി ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ബി.ജെ.പി നടത്തുന്നത് എന്ന കരുതലോടയുള്ള പ്രതികരണമായിരുന്നു വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റേത്.

