ബെംഗളൂരു: സിവിൽ സർവ്വീസിൽ വീണ്ടും രാജി. ദക്ഷിണ കർണാടക ഡെപ്യൂട്ടി കമ്മീഷണർ എസ് എസ് സെന്തിലാണ് പേഴ്സണൽ മന്ത്രാലയത്തിന് രാജി നൽകിയത്. ജനാധിപത്യത്തെ ഒത്തുത്തീർപ്പിൽ എത്തിച്ചുവെന്നും ഈ സ്ഥിതിയിൽ സർക്കാർ ഉദ്യോഗസ്ഥനായി തുടരാനാകില്ലെന്നും എസ് എസ് സെന്തിൽ വ്യക്തമാക്കി. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സെന്തിൽ.
രാജി തികച്ചും വ്യക്തിപരമാണ്. ഏതെങ്കിലും വ്യക്തിയുമായോ സംഭവവുമായോ ബന്ധപ്പെട്ടല്ല തന്റെ രാജിയെന്ന് സെന്തിൽ കത്തിൽ പറഞ്ഞു. ദക്ഷിണ കർണാടകയിലെ ജനങ്ങളും പ്രതിനിധികളും തന്നോട് വളരെ വിനയപൂർവ്വമാണ് പെരുമാറിയത്. പാതിവഴിയിൽ തന്റെ ജോലി വിട്ട് പോകുന്നതിൽ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും സെന്തിൽ കത്തിൽ കുറിച്ചു. 2017ലാണ് സെന്തിൽ ദക്ഷിണ കർണാടക ഡെപ്യൂട്ടി കമ്മീഷണർ ആയി ചുമതലയേറ്റത്.


