ന്യൂഡെല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ചുമതലയേറ്റു. പുതിയ ചുമതലയില്‍ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു. നാളെ നടക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.
ചോദ്യം ചെയ്യാനായി ഹാജരായ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ വിട്ടശേഷമാണ് പ്രിയങ്കാ ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ പോയത്. കേസില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കൊപ്പം നില്‍ക്കുമെന്ന് പ്രിയങ്കാ ഗാന്ധി പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. വിദേശത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ഇ.ഡി വാദ്രയെ ചോദ്യം ചെയ്തത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പു ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ കഴിഞ്ഞ ജനുവരി 23നാണ് സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി നിയമിച്ചത്. ഡല്‍ഹി അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് ചേര്‍ന്നായിരിക്കും പ്രിയങ്കയുടെ ഓഫീസും പ്രവര്‍ത്തിക്കുക.

