ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നതെന്നും തുടർച്ചയായ പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാവുന്നില്ലെന്നും കേന്ദ്ര പാർലമെന്ററി മന്ത്രി കിരൺ റിജിജു ആരോപിച്ചു. തെരഞ്ഞെടുപ്പ് സുതാര്യമായാണ് നടക്കുന്നത്. ഹരിയാനയിൽ കോൺഗ്രസ് അങ്കലാപ്പിലായിരുന്നു. നേതാക്കൾക്കിടയിൽ വലിയ പ്രശ്നങ്ങൾ നിലനിന്നിരുന്നു. എല്ലാ പരാജയങ്ങൾക്ക് ശേഷവും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനേയും ഇവിഎമ്മിനേയും കുറ്റപ്പെടുത്തുകയാണ്. ബിഹാറിൽ പരാജയം ഉണ്ടാവുമെന്ന് അറിഞ്ഞാണ് പുതിയ ആരോപണം. പ്രശ്നം രാഹുലിന് മാത്രമാണ്. 2004 ൽ ബിജെപി ജയിക്കുമെന്നായിരുന്നു എക്സിറ്റ് പോളുകൾ പറഞ്ഞിരുന്നത്. എന്നാൽ, ഞങ്ങൾ പരാജയപ്പെട്ടുവെന്നും കിരൺ റിജിജു പറഞ്ഞു.
ബീഹാർ തിരഞ്ഞെടുപ്പിലെ വരാനിരിക്കുന്ന തകർപ്പൻ തോൽവിയിൽ നിന്ന് തല രക്ഷിക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നത് എന്നായിരുന്നു കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രതികരിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുൽ ഗാന്ധി രാജ്യത്തിന്റെ ഭരണഘടയിലും, ജനങ്ങളുടെ വോട്ടവകാശത്തിലും വിശ്വസിക്കുന്നില്ലെന്ന് എല്ലാവർക്കും അറിയാം. രാഹുൽ ഗാന്ധി പറയുന്നത് മാത്രമാണ് ശരിയെന്ന ആദർശ ലോകത്താണ് അദ്ദേഹം കഴിയുന്നത്. എന്നാൽ സത്യത്തിൽ അദ്ദേഹത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ബീഹാർ തിരഞ്ഞെടുപ്പിലെ തോൽവി ഭയന്നിട്ടാണ്. ഓരോ തവണയും പുതിയ നുണകളുമായാണ് അവർ വരുന്നത്. നുണകളുടെയും തെറ്റായ ആഖ്യാനങ്ങളുടെയും ഗവേഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ഇപ്പോൾ ആരും അദ്ദേഹത്തിന്റെ വാക്കുകൾ ഗൗരവമായി എടുക്കുന്നില്ല എന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു


