ദില്ലി: ജമ്മു കശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി എടുത്തു കളഞ്ഞുമുള്ള ബില്ലുകള്‍ രാജ്യസഭ പാസാക്കി. വിഭജന ബില്ലില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ മറ്റു ബില്ലുകള്‍ ശബ്ദ വോട്ടോടെയാണ് രാജ്യസഭ പാസാക്കിയത്. ഇന്ന് രാവിലെ അമിത് ഷാ അവതരിപ്പിച്ച ബില്ലുകളില്‍ ഉച്ചഭക്ഷണത്തിനുള്ള ഇടവേള ഒഴിവാക്കി വൈകുന്നേരം വരെ മാരത്തണ്‍ ചര്‍ച്ച നടത്തിയ ശേഷമാണ് രാജ്യസഭ ബില്ലുകള്‍ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ടുചെയ്തു. 61 പേർ എതിർത്തു വോട്ടു ചെയ്തു. ബില്‍ പാസാക്കി രാജ്യസഭ ഇന്നേക്ക് പിരിഞ്ഞു.
എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടു വന്ന ബില്ലുകളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷ നിരയിലുണ്ടായ അനൈക്യം ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും രാജ്യസഭയില്‍ ബില്ലുകള്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് തുണയായി. എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നിന്നപ്പോള്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു ബില്ലിനെതിരായി വോട്ട് ചെയ്തു.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി പ്രസംഗത്തിന് ശേഷം ജമ്മു കശ്മീര്‍ സാമ്പത്തിക സംവരണബില്ലാണ് സഭ ആദ്യം പാസാക്കിയത്. പിന്നീട് 370-ാം വകുപ്പ് റദ്ദാക്കി കൊണ്ടുള്ള ബില്‍ പാസാക്കി. ഒടുവിലായാണ് ജമ്മു കശ്മീര്‍ വിഭജന ബില്ലും പാസാക്കിയത്. വിഭജനബില്ലില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ലിപ്പ് നല്കി വോട്ടെടുപ്പ് നടത്തി. വോട്ടിംഗ് ബട്ടണില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് സ്ലിപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അംഗങ്ങളോട് രാജ്യസഭാ അധ്യക്ഷന്‍ നിര്‍ദേശിച്ചു.


