ബിജെപി നേതാവ് മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗ സംരക്ഷണ സംഘടനയായ പീപ്പിള്‍സ് ഫോര്‍ ആനിമല്‍സിന്റെ സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്. പാലക്കാട് സൈലന്റ് വാലിയുടെ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് മനേക കേരളത്തിനെതിരെ വിദ്വേഷപരമായ പരാമർശം നടത്തിയതിന് പിന്നാലെയാണ് സൈറ്റ് ഹാക്ക് ചെയ്തത്.
മനേക ഗാന്ധി ഒരു ആനയുടെ മരണം മോശം രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഒപ്പം ആന ചരിഞ്ഞ അമ്പലപ്പാറ പ്രദേശം പാലക്കാടാണെന്ന് തെളിയിക്കാന്‍ ഗൂഗിള്‍ മാപ്പ് ചിത്രവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അജണ്ട കൃത്യമാണെന്നും നിങ്ങളുടെ മൃഗസ്നേഹം മുസ്ലിം വിരോധത്തിന്റെ മുഖംമൂടിയാണെന്നും, എംപിയും, മുന്‍ മന്ത്രിയുമായ താങ്കളുടെ വ്യാജപ്രചാരണം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും സൈറ്റില്‍ കുറിച്ചിട്ടുണ്ട്.
ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലയെ അപമാനിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് മനേകക്കെതിരെ മുസ്ലിം ലീഗ് വക്കീൽ നോട്ടീസ് അയച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പാർട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്.


