റാളെഗൺ സിദ്ധി (മഹാരാഷ്ട്ര): അണ്ണാ ഹസാരെ മഹാരാഷ്ട്രയിലെ തന്റെ ഗ്രാമത്തിൽ നടത്തിവന്ന നിരാഹാര സമരം പിൻവലിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻസിങ് എന്നിവർ നേരിട്ടെത്തി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് ഹസാരെ സമരം അവസാനിപ്പിച്ചത്. ലോക്പാൽ–ലോകായുക്ത നിയമനങ്ങള്‍ ഉടൻ നടത്തുമെന്നു ചര്‍ച്ചയിൽ മന്ത്രിമാർ ഉറപ്പ് നല്കി. തന്റെ ഗ്രാമമായ റാളെഗൺ സിദ്ധിയിൽ ജനുവരി 30നാണ് ഹസാരെ നിരാഹാര സമരം തുടങ്ങിയത്.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സന്തോഷമുണ്ട്. സമരം അവസാനിപ്പിക്കുകയാണ്. ഫെബ്രുവരി 13ന് ലോക്പാൽ നിയമന വിഷയത്തിൽ മഹാരാഷ്ട്ര സർക്കാര്‍ തീരുമാനമെടുക്കുമെന്നു സമരം അവസാനിപ്പിച്ച ശേഷം ഹസാരെ പറഞ്ഞു. ഹസാരെയുടെ നിരാഹാര സമരം നാലു ദിവസം പിന്നിട്ടിരിക്കെ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള തണുത്ത പ്രതികരണത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. കേന്ദ്രത്തിനും മഹാരാഷ്ട്ര സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കി രണ്ടു മണിക്കൂർ റോഡിലിരുന്ന ഇരുന്നൂറോളം പേരെ പൊലീസെത്തിയാണു നീക്കിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും അതിന് ഉത്തരവാദിയെന്ന് അണ്ണാ ഹസാരെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

