മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നാല് പേർ കൂടി മരിച്ചു. 48 മണിക്കൂറിനുള്ളിൽ 35 രോഗികളാണ് ആശുപത്രിയിൽ മരിച്ചത്. ആദ്യ ദിവസം 24 പേരും അടുത്ത ദിവസം 7 പേരുമാണ് മരിച്ചത്. മരുന്നുക്ഷാമം മൂലമാണ് മരണം സംഭവിച്ചതെന്ന് ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രി കേവലമൊരു തൃതീയ തലത്തിലുള്ള പരിചരണ കേന്ദ്രം മാത്രമാണെന്നും, എന്നാൽ 70-80 കിലോമീറ്റർ ചുറ്റളവിലുള്ള ഒരേയൊരു ഹെൽത്ത് കെയർ സെന്റർ ആയതിനാൽ വിവിധ പ്രദേശങ്ങളിൽ നിന്ന് രോഗികൾ ഇവിടെ എത്താറുണ്ടെന്നും ആശുപത്രി ഡീൻ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ചിലപ്പോൾ സ്ഥാപനത്തിന്റെ ബജറ്റിനേക്കാൾ കൂടുതലാണ്, അതുകൊണ്ടാണ് മരുന്നുകളുടെ ക്ഷാമം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ഒന്നിലധികം ആശുപത്രി ജീവനക്കാരെ സ്ഥലം മാറ്റിയതിനാൽ നടപടികൾ കൂടുതൽ ദുഷ്കരമായെന്നും അദ്ദേഹം പറയുന്നു. ഹാഫ്കൈൻ എന്ന സ്ഥാപനത്തിൽ നിന്ന് ആശുപത്രിയിലേക്ക് മരുന്നുകൾ വാങ്ങേണ്ടതായിരുന്നുവെന്നും അത് നടന്നില്ലെന്നും ഡീൻ പറഞ്ഞു. പ്രാദേശിക തലത്തിലുള്ള ചെറിയ ഷോപ്പുകളിൽ നിന്ന് മരുന്നുകൾ വാങ്ങിയ ശേഷമാണ് രോഗികൾക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രോഗികളുടെ തുടര്‍മരണങ്ങൾക്ക് കാരണം മരുന്ന് ക്ഷാമമില്ലെന്നും മരിച്ച രോഗികള്‍ അവരുടെ ‘അവസാന ഘട്ടത്തിലായിരുന്നുവെന്നും’ ശങ്കര്‍റാവു ചവാന് സര്‍ക്കാര്‍ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിഭ്രാന്തരാകരുത്, ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ ഒരു സംഘം തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.
‘മരുന്നുകള്‍ വാങ്ങാന്‍ ഞങ്ങള്‍ 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 4 കോടി രൂപ കൂടി അനുവദിക്കാനുള്ള നടപടിയിലാണ്. അതിനാല്‍ മരുന്നുകള്‍ക്ക് ക്ഷാമമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒട്ടേറെ രോഗികള്‍ ആശുപത്രിയില്‍ വന്നിരുന്നു. ആശുപത്രിയിലെ ജീവനക്കാരും ഡോക്ടര്‍മാരും അവരെ പരിചരിച്ച് വരികയാണ്’ , അവര്‍ കൂട്ടിച്ചേര്‍ത്തു.
‘സെപ്റ്റംബര്‍ 30 നും ഒക്ടോബര്‍ 1 നും ഇടയില്‍ 24 മരണങ്ങളും ഒക്ടോബര്‍ 1 നും 2 നും ഇടയില്‍ ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരും പരിഭ്രാന്തരാകരുത്. ഡോക്ടര്‍മാരുടെ സംഘം തയ്യാറാണ്’, നന്ദേഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് (ഡിഐഒ) സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
ശിവസേന എംപി ഹേമന്ത് പാട്ടീൽ ചൊവ്വാഴ്ച ആശുപത്രി സന്ദർശനം നടത്തിയിരുന്നു. വൃത്തിഹീനമായ ആശുപത്രിയിലെ ശുചിമുറി ഡീനിനെ കൊണ്ട് എംപി വൃത്തിയാക്കിപ്പിച്ചു. പാട്ടീലും ആശുപത്രിയിലെ മറ്റ് ജീവനക്കാരും നോക്കിനില്‍ക്കെ ഡീന്‍ ശുചിമുറി വൃത്തിയാക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
വിശദമായ അന്വേഷണത്തിന് ശേഷം ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുംബൈയിൽ നടന്ന പ്രതിവാര ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഷിൻഡെ ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയിൽ മരുന്നുകളുടെയും ജീവനക്കാരുടെയും കുറവുണ്ടെന്ന അവകാശവാദങ്ങൾ ഷിൻഡെ നിഷേധിച്ചു, ആവശ്യത്തിന് മരുന്ന് സ്റ്റോക്കും മെഡിക്കൽ സ്റ്റാഫും ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി


