തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു കാശ്മീരിലേക്ക്. രാഹുൽ ഗാന്ധി ഇന്ന് രണ്ട് റാലികളിൽ പങ്കെടുക്കും റംബാൻ, അനന്ത്നാഗ് ജില്ലകളിൽ രാഹുൽ ഗാന്ധിയുടെ രണ്ട് മെഗാ പൊതു റാലികളോടെ കോണ്ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. സെപ്തംബർ 18ന് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കായുള്ള പ്രചാരണത്തിനായാണ് രാഹുൽ എത്തുന്നത്.
10 വർഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടികൾ വീറോടെ വാശിയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയാണ്. ജമ്മുവിൽ രണ്ട് റാലികളിലും കശ്മീരിൽ ഒരു റാലിയിലുമാണ് പ്രധാനമന്ത്രി അടുത്തയാഴ്ച പങ്കെടുക്കുക. ശ്രീനഗറിൽ നിന്ന് രാഹുൽ ഗാന്ധി വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങും. രാഹുലിന്റെ വരവ് പ്രചാരണത്തിന് ഊർജം നൽകുമെന്നാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളിൽ ജമ്മു കശ്മീരിലെത്തും.