ചെന്നൈ : പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയതിന് നടി ഭാനുപ്രിയക്കെതിരായ കേസിൽ വൻ വഴിത്തിരിവ്. വീട്ടിൽ നിന്ന് പെൺകുട്ടി സ്വർണ്ണവും പണവും മോഷ്ടിച്ചെന്ന് പൊലീസ്. പെൺകുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ നടിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്നാണ് പൊലീസ് വിശദീകരണം .ചൈൽഡ് ലൈൻ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ ചോദ്യം ചെയതതിൽ നിന്നാണ് കാര്യങ്ങൾ വ്യക്തമായതെന്നും പൊലീസ് പറയുന്നു.
മുമ്പ് പതിനാല് വയസ്സുള്ള പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി പീഡിപ്പിച്ചതിന് ഭാനുപ്രിയക്കെതിരെ കേസെടുത്തിരുന്നു. അതിന് ശേഷം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി നടിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള വീട്ടമ്മയാണ് നടിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. മകളെ കാണാനോ ഫോൺ വിളിക്കാനോ നടി അനുവദിക്കാറില്ലായിരുന്നെന്നും വീട്ടമ്മ പറയിരുന്നു.

