ഉന്നതരെ വരെ കുടുക്കിയ പെണ്‍വാണിഭത്തിന്റെ രഹസ്യങ്ങള്‍ ഓരോന്നായി ചുരുളഴിയുന്നു. നിര്‍ണായക വിവരങ്ങളടങ്ങിയ ഡയറി മധ്യപ്രദേശ് പോലീസ് കണ്ടെടുത്തു. ഹണിട്രാപ്പില്‍ കുടുങ്ങിയ മധ്യപ്രദേശിലെ പ്രമുഖരെ സൂചിപ്പിക്കാന്‍ കുറ്റകൃത്യത്തിലെ പങ്കാളിയായ ഒരു യുവതി കുറിച്ചുവച്ചിരുന്ന രഹസ്യകോഡുകളടങ്ങിയ ഡയറിയാണ് പൊലീസ് കണ്ടെത്തിയത്. കോഡുകളെ കൂടാതെ പണം കൈപറ്റിയതിന്റെ വിവരങ്ങളും, വിവിധ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരുടെ ഫോണ്‍ നമ്പറുകളും ഡയറിയില്‍ വിശദമായി എഴുതിയിട്ടുണ്ട്. രാഷ്ട്രീയത്തിലെ ഉന്നതര്‍, എം.പിമാര്‍, മുന്‍ മന്ത്രിമാര്‍ എന്നിവരുടെ പേരാണ് ഡയറിയിലുള്ളത്. നിലവില്‍ ഡല്‍ഹിയില്‍ ഉന്നത പദവി കൈകാര്യം ചെയ്യുന്ന ഒരു പ്രമുഖ വ്യക്തിയെ കുറിച്ചും ഡയറിയില്‍ പരാമര്‍ശമുണ്ട്. അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവ് നടത്തുന്ന സന്നദ്ധ സംഘടനയുടെ വിവരങ്ങളും ഡയറിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

ഇതിനു പുറമെ ഭോപ്പാലിലെ റിവേറയിലെ യുവതിയുടെ വീട്ടില്‍ നിന്നും കൂടുതല്‍ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പൊലീസ് കണ്ടെത്തി. കണ്ടെത്തിയ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ സഞ്ജീവ് ഷമിയെ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇന്നലെ ചുമതലയില്‍ നിന്നും നീക്കി. സൈബര്‍ സെല്‍ പ്രത്യേക ഡയറക്ടര്‍ ജനറലായ രാജേന്ദ്ര കുമാറിനെയാണ് പകരം ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഒന്‍പത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ അഴിച്ചുപണി നടക്കുന്നത്.
ഹണിട്രാപ്പ് സംഘം തന്നെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായുള്ള ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്പറേഷന് എന്‍ജിനീയര്‍ ഹര്ഭജന് സിംഗിന്റെ പരാതിയോടെയാണ് ഹണിട്രാപ്പ് സംഘത്തിന്റെ തട്ടിപ്പുകള്‍ പുറത്തു വരുന്നത്. തുടര്‍ന്ന്, വര്‍ഷങ്ങളായി മദ്ധ്യപ്രദേശില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ശ്വേതാ സ്വപ്ന ജെയിന്, ആരതി ദയാല്‍ തുടങ്ങി നിരവധി യുവതികള്‍ പിടിലാവുകയായിരുന്നു.


