ന്യൂഡല്‍ഹി; കീഴാറ്റൂരില്‍ ബദല്‍ പാതയ്ക്ക് സാങ്കേതിക പഠനം നടത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം. ഇതിനായി സാങ്കേതിക സമിതിയെ നിയോഗിക്കും. ബദല്‍ പാതയുടെ സാധ്യത സമിതി പരിശോധിക്കും. ഇവരുടെ പഠനത്തിനു ശേഷം മാത്രമെ അലൈന്‍മൈന്റ് കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുളളൂ. കീഴാറ്റൂരിലെ സമരസമിതി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. കേന്ദ്രത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നാണ് സമരസമിതിയായ വയല്‍ക്കിളികള്‍ അറിയിച്ചത്.

ബൈപാസ് നിര്‍മ്മാണ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ 3ഡി അലൈന്മെന്റ് വിജ്ഞാപനം താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു.കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതയുടെ ബെപ്പാസ് പണിയരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതിയുടെ നിര്‍ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഭൂമി വിഭജിക്കാതെ നിലവില്‍ തയ്യാറാക്കിയ അലൈന്മെന്റ് മാറ്റണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.
ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ മുതല്‍ കുപ്പം വരെയുള്ള ബൈപ്പാസിനായാണ് കീഴാറ്റൂരില്‍ വയല്‍ നികത്തി സ്ഥലം എടുക്കാന്‍ തീരുമാനിച്ചിരുന്നത്. കൃഷിക്കും പ്രദേശവാസികളുടെ മറ്റ് ജീവിതോപാധികള്‍ക്കും നാശനഷ്ടങ്ങളുണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യവും പരിഹരിക്കപ്പെടേണ്ടതുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.ഫലഭൂയിഷ്ടമായ കൃഷിഭൂമിയിലെ 100 മീറ്ററോളം പാതക്കായി ഏറ്റെടുത്താല്‍ ബാക്കി ഭൂമി തരിശായി മാറും.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തും മറ്റ് സംഘടനകളും മുന്നോട്ട് വച്ച ബദല്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് പുതിയ അലൈന്മെന്റ് തയ്യാറാക്കാമെന്നായിരുന്നു റിപ്പോര്‍ട്ട്.ഏത് മാര്‍ഗത്തിലൂടെയും പരമാവധി കൃഷിഭൂമി സംരക്ഷിക്കണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി പറയുന്നു. വയലിനൊപ്പം തണ്ണീര്‍ തടവും സംരക്ഷിക്കണമെന്നാണ് നിര്‍ദേശം.


