ചന്ദ്രയാന്‍ 2 ഒരു നിര്‍ണായക ഘട്ടം കൂടി പിന്നിട്ടിരിക്കുന്നു. വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പെട്ടു. വേര്‍പെടല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയത് ഉച്ചയ്ക്ക് 1.15ന്. അഭിമാനനിമിഷത്തിനാണ് രാജ്യം കാത്തിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങ് സെപ്തംബര്‍ ഏഴിന് നടക്കും.
വേര്പെടലിന് മുന്നോടിയായുള്ള അഞ്ചാം ഭ്രമണപഥം താഴ്ത്തല്‍ ഞായറാഴ്ച വൈകിട്ട് 6.21ന് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 52 സെക്കന്‍ഡ് നേരം പ്രൊപ്പല്‍ഷന്‍ സംവിധാനം ജ്വലിപ്പിച്ചാണ് ഓര്‍ബിറ്റര്‍ ചന്ദ്രനിലേക്കു കൂടുതല്‍ അടുപ്പിച്ചത്. പേടകത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തൃപ്തികരമാണെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഐ എസ് ആര് ഒ വ്യക്തമാക്കി. തിങ്കളാഴ്ച ലാന്‍ഡര്‍ വേര്‍പെട്ടതോടെ ഇനി സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുന്നതിനുള്ള തയാറെടുപ്പുകള്‍ നടക്കും. ലാന്‍ഡറിന്റെ വേര്‍പെടലിനു ശേഷം ഐ എസ് ആര് ഒയുടെ പൂര്‍ണശ്രദ്ധ ലാന്‍ഡറിലായിരിക്കും. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ അതിനുവേണ്ടി ഒരു പ്രത്യേകസംഘം തന്നെയുണ്ടാകും.
നിലവില്‍ ചന്ദ്രനില്‍ നിന്നു കുറഞ്ഞ ദൂരം 119 കിലോമീറ്ററും കൂടിയ ദൂരം 127 കിലോമീറ്ററും വരുന്ന, ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഓര്‍ബിറ്ററുള്ളത്. തിങ്കളാഴ്ച ഉച്ചയ്ക്കു വിക്രം ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രനു സമീപത്തേക്കു നീങ്ങിയാലും ഓര്‍ബിറ്റര്‍ ഈ ഭ്രമണപഥത്തില്‍ തന്നെ നിരീക്ഷണം തുടരും.
മൂന്ന്, നാല് തീയതികളിലാണ് ഇറങ്ങേണ്ട സ്ഥലം സ്കാന്‍ ചെയ്ത് ആദ്യഘട്ട ലാന്‍ഡിംഗ് മാപ് തയാറാക്കുന്നത്. ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയ്ക്കായിരിക്കും ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുന്നത്. ചന്ദ്രോപരിതലത്തില്‍ മാന്‍സിനസ് സി, സിംപെലിയസ് എന്‍ എന്നീ ഗര്‍ത്തങ്ങള്‍ക്കിടയില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതോടെ ദക്ഷിണധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.


