ന്യൂഡല്‍ഹി: കാലവര്‍ഷത്തിന്റെ അവശേഷിക്കുന്ന 2 മാസങ്ങളില്‍ രാജ്യത്ത് സാധാരണ അളവില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ്. ഓഗസ്റ്റിലും സെപ്റ്റംബറിലും ദീര്‍ഘകാല ശരാശരിയുടെ നൂറുശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നും അതില്‍ എട്ടുശതമാനം കുറവോ കൂടുതലോ രേഖപ്പെടുത്തിയേക്കാമെന്നും അധികൃതര്‍ വിശദീകരിച്ചു.ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെ ദീര്‍ഘകാല ശരാശരിയുടെ 9 % മാത്രമാണ് അഖിലേന്ത്യാ തലത്തിലെ മഴക്കുറവ്. കേരളവും തമിഴ്നാടും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ 19 ശതമാനത്തിന്റെ കുറവുണ്ട്.
1961 മുതല്‍ 2010 വരെയുള്ള മഴയുടെ ദീര്‍ഘകാല ശരാശരി അടിസ്ഥാനമാക്കിയാണ് ഐഎംഡി പ്രവചനം. 42.83 സെന്റിമീറ്ററാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്. ഇതില്‍ 14 % വരെ കുറയുകയോ കൂടുകയോ ചെയ്തിട്ടുണ്ടെന്നാണു മുന്‍ അനുഭവം. രാജ്യത്തെ ആകെ മഴയുടെ 49 % രണ്ടാം പകുതിയിലാണു ലഭിക്കുന്നത്. ദക്ഷിണേന്ത്യയില്‍ കുറയുമെങ്കിലും ഉത്തരേന്ത്യയിലെ മഴക്കാലം ഓഗസ്റ്റും സെപ്റ്റംബറുമാണ്.
ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെട്ടുവരുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത രണ്ടാഴ്ച നല്ല മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു.


