ഇടക്കാല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് തീഹാർ ജയിലിൽ കീഴടങ്ങും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ജയിലിലേക്ക് പോകുമെന്നാണ് കെജ്രിവാൾ അറിയിച്ചത്.മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയ് 10ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂൺ രണ്ടിന് തിരകെ ജയിലിലേക്ക് മടങ്ങണമെന്നായിരുന്നു കോടതി നിർദേശം.ഇന്ന് വിധി പറയണമെന്ന് കെജ്രിവാളിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്ചത്തേക്ക് കോടതി ഇത് മാറ്റുകയായിരുന്നു. ഇതോടെയാണ് കെജ്രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങുന്നത്.


