ദില്ലി: മുത്തലാഖ് ബില്ല് രാജ്യസഭ ഇന്ന് വീണ്ടും പരിഗണിക്കും. റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള ചര്‍ച്ച ഇന്ന് ലോക്സഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇരു സഭയിലും ഭരണപ്രതിപക്ഷ ഏറ്റുമുട്ടല്‍ തുടരുമെന്ന് ഉറപ്പായി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ല. 
മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് കൊണ്ടു വരാനുള്ള സര്‍ക്കാര്‍ നീക്കം തിങ്കളാഴ്ച പ്രതിപക്ഷം പാര്‍ലമെന്റില്‍ ചെറുത്തിരുന്നു. ബില്ല് വോട്ടിനിടും മുമ്പ് സെലക്ട് കമ്മിറ്റിക്കു വിടാനുള്ള പ്രമേയത്തില്‍ തീരുമാനം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതേസമയം സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഇന്നും ബില്ലിന്റെ ചര്‍ച്ച നടക്കാനിടയില്ല.ലോക്സഭയില്‍ ഈ ബില്ലില്‍ ചര്‍ച്ച നടന്നു കഴിഞ്ഞു. ഇനി എന്തിനാണ് സെലക്ട് കമ്മിറ്റിക്കു പോകുന്നത് എന്നാണ് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയലിന്റെ ചോദ്യം. രാജ്യസഭയില്‍ ആദ്യം അജണ്ടയിലുള്ളത് സെലക്ട് കമ്മിറ്റിക്കു വിടണം എന്ന പ്രമേയമാണ്. ഇതാകും ആദ്യം പരിഗണിക്കുക. ചട്ടം 125 പ്രകാരം ഇത് ആദ്യം വോട്ടിനിടണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ ആവശ്യപ്പെടുന്നു. ലോക്സഭയില്‍ കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍, സിപിഎം എംപി ശങ്കര്‍പ്രസാദ് ദത്ത എന്നിവര്‍ നല്കിയ നോട്ടീസ് അംഗീകരിച്ചാണ് റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള ചര്‍ച്ച. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മുമ്പ് ഈ വിഷയത്തില്‍ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഏറ്റുമുട്ടിയെങ്കിലും റഫാലിനെക്കുറിച്ചുള്ള ചര്‍ച്ച ഇതാദ്യമായാണ്. രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ സംസാരിക്കും. പ്രധാനമന്ത്രി അഗസ്റ്റ വെസ്റ്റ്ലന്ഡ് കേസില്‍ ക്രിസ്ത്യന്‍ മിഷെലിന്റെ പരാമര്‍ശങ്ങള്‍ ആയുധമാക്കാനാണ് സാധ്യത.

