ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ തൂണുകളിലൊന്നിൽ വിള്ളൽ കണ്ട സാഹചര്യത്തിൽ ഒന്നാംഘട്ട നിർമാണത്തിന്റെ ഗുണനിലവാരം വിലയിരുത്താൻ ക്വാളിറ്റി ഓഡിറ്റിന് സർക്കാർ ഉത്തരവിട്ടു. 3-4 ആഴ്ച എടുത്തേക്കാവുന്ന പരിശോധനയിൽ തകരാറുകൾ എന്തെങ്കിലുമുണ്ടെങ്കിൽ കണ്ടെത്താനാകുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു.
ഇതിനിടെ, അറ്റകുറ്റപ്പണിയെ തുടർന്നു എംജി റോഡ് മുതൽ ഇന്ദിരാനഗർ വരെ നിർത്തിവച്ച മെട്രോ ട്രെയിൻ സർവീസ് ഇന്ന് ഉച്ചയോടെ പുനസ്ഥാപിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി മൈസൂരു റോഡ്-ബയ്യപ്പനഹള്ളി(പർപ്പിൾ ലൈൻ), നാഗസന്ദ്ര-യെലച്ചനഹള്ളി(ഗ്രീൻലൈൻ) ഉൾപ്പെടെ 42 കിലോമീറ്റർ പാത പൂർണമായും പരിശോധിക്കും.

