ചെന്നൈ: പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കിരൺ ബേദി രാജി വെക്കണമെന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി ആവശ്യപ്പെട്ടു.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് പുതുച്ചേരിയിൽ ഭരണം നടത്തേണ്ടതെന്ന മദ്രാസ് ഹൈക്കോടതി വിധി ജനങ്ങളുടെ വിജയമാണെന്നും നാരായണസ്വാമി പറഞ്ഞു.
നേരത്തെ ലഫ്. ഗവർണർമാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് വിധി. പുതുച്ചേരിയിലെ കോൺഗ്രസ് എംഎൽഎ ലക്ഷ്മിനാരായണൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിർണായക വിധി.