ചെന്നൈ: അധ്യാപകര്‍ക്കെതിരെ പീഡന പരാതിയുമായി കലാ ക്ഷേത്രയിലെ വിദ്യാര്‍ത്ഥികള്‍. രുക്മണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെതിരെയാണ് ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ഹരി പത്മനെതിരെ സ്ത്രീ പീഡന നിരോധന നിയമപ്രകാരം വെള്ളിയാഴ്ച കേസെടുത്തു.
കഴിഞ്ഞ ദിവസം കലാക്ഷേത്ര ഫൗണ്ടേഷനില്‍ നിന്നുള്ള നൂറ് വിദ്യാര്‍ത്ഥികള്‍ നാല് അധ്യാപകര്‍ക്കെതിരെ പരാതിയുമായി തമിഴ്നാട് വനിതാ കമ്മീഷനെ സമീപിച്ചു. അധ്യാപകര്‍ ലൈം ഗികാതിക്രമത്തിന് ഇരയാക്കിയെന്നും അശ്ലീലമായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് കോളേജ് അടച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും പരാതി അയച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എ എസ് കുമാരി വെള്ളിയാഴ്ച കാമ്പസില്‍ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2008 മുതല്‍ കാമ്പസില്‍ പീഡനം നേരിട്ടതായി പല വിദ്യാര്‍ത്ഥികളും പറഞ്ഞു. ലൈംഗികാതിക്രമം ഉള്‍പ്പെടെ നൂറോളം പരാതികള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. നിയമപ്രകാരം ഞങ്ങള്‍ നടപടിയെടുക്കുമെന്നും എ എസ് കുമാരി പറഞ്ഞു.


