കല്‍പ്പറ്റ: വയനാട് മുള്ളന്‍കൊല്ലിയില്‍ പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി. പല്ലുകള്‍ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് മൃഗശാലയിലേക്ക് മാറ്റി സംരക്ഷിക്കാൻ തീരുമാനിച്ചത്.
കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലെ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് കടുവയെ തൃശൂരിലേക്ക് കൊണ്ടുപോയത്. കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി കിട്ടിയതായി സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം അറിയിച്ചു.
ഇത്തരത്തില്‍ തൃശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് ഡബ്ല്യുഡബ്ല്യുഎല്‍127. നേരത്തെ വയനാട്ടില്‍ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയും കൊളഗപ്പാറയിലെ സൗത്ത് വയനാട് ഒമ്ബതാമനെയും പുത്തൂരിലാണ് പുനരധിവസിപ്പിച്ചത്.
കഴിഞ്ഞ രണ്ടരമാസത്തിലേറെയായി ജനവാസ മേഖലയിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടിയ കടുവ ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വനമൂലികയില്‍ വനംവകുപ്പിന്റെ കെണിയില്‍ വീണത്. മറ്റൊരു കടുവയുമായി തല്ലുകൂടി തോറ്റതോടെയാണ് കടുവയുടെ പല്ലുപോയതെന്നാണ് നിരീക്ഷണം. ഇതോടെ ഇരപിടിക്കാൻ ബുദ്ധിമുട്ടായതോടെ ജനവാസമേഖലയിലേക്കിറങ്ങുകയായിരുന്നു.