സുല്‍ത്താൻബത്തേരി: മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിഷേധിച്ച് മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍.
ഒരിഞ്ചു പോലും മാറിനടക്കില്ലെന്നും മുന്നണിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നണി മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കണമെന്നും മുന്നറിയിപ്പായി സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുന്നണി മാറണമെങ്കില്‍ ബാങ്കിന്റെ വാതിലില്‍കൂടി കടക്കേണ്ട കാര്യമൊന്നും മുസ്ലീം ലീഗിനില്ല. മുന്നണി മാറണമെങ്കില്‍ അത് കാര്യകാരണസഹിതം തുറന്നുപറയും. ഇപ്പോള്‍ അതിന്റെ സാഹചര്യം തന്നെ നിലനില്ക്കുന്നില്ല. മുന്നണി ഉറപ്പിക്കാനുള്ള കാര്യകാരണങ്ങളാണ് ഇവിടെയുള്ളതെന്നും തങ്ങള്‍ വ്യക്തമാക്കി.
മുന്നണി മാറാനുള്ള കാരണമായി ചിലര്‍ പറയുന്ന കാരണങ്ങളുടെ എത്രയോ ആയിരമിരട്ടി കാരണങ്ങള്‍ മുന്നണി നിലനിര്‍ത്താൻ ലീഗിനുണ്ട്. അതുകൊണ്ട് ഐക്യജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ മുന്നോട്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


