അട്ടപ്പാടി കോട്ടത്തറയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. വാഹനം ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ അവസാനിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് രാത്രി 9.30 യോടെയാണ് സംഭവം നടന്നത്. ഏഴ് പേരടങ്ങുന്ന സംഘമായിരുന്നു ഇരു വിഭാഗത്തിലും ഉണ്ടായിരുന്നത്. നേരത്തെയും ഇവർ തമ്മിൽ സംഘർഷം ഉണ്ടായിട്ടുണ്ട്. ഈ വൈരാഗ്യമാണ് കത്തികുത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇവരെ കുത്തിയ സംഘത്തിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ പ്രധാന പ്രതിയായ ബാലാജി എന്ന ആൾ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.


