ശ്ശൂര്: കണ്‍സ്യൂമര്‍ഫെഡ്ഡിന്റെ ഔട്ട്ലെറ്റില് തോക്കുചൂണ്ടി മദ്യം കവര്‍ന്ന സംഭവത്തില്‍ പിടികൂടിയ നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് വട്ടനണപ്പുറം എടത്തനാട്ടുകര പാറേക്കാട്ട് വീട്ടില്‍ അബ്ദുള്‍ നിയാസ് (41),കോഴിക്കോട് മാങ്കാവ് കളത്തില്‍ വീട്ടില്‍ നിസാര്‍(37), പൊന്നാനി പാലപ്പെട്ടി ആലിയമീന്കത്ത് വീട്ടില്‍ റഫീക്ക് (40), കോഴിക്കോട് മീഞ്ചന്ത ജഫ്സീനാ മന്‍സില്‍ വീട്ടില്‍ ജിഫ്സല് (41) എന്നിവരെയാണ് വെസ്റ്റ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. പ്രതികള്‍ വിദേശത്ത് ഒന്നിച്ച് ജോലി ചെയ്തിരുന്നവരാണെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
പ്രതികള്‍ ഉപയോഗിച്ചത് കൃഷിഫാമിലെത്തുന്ന വന്യമൃഗങ്ങളെ ശബ്ദമുണ്ടാക്കി തുരത്താനുപയോഗിക്കുന്ന എയര്‍പിസ്റ്റള്‍. ഒന്നാം പ്രതിയായ അബ്ദുള്‍ നിയാസ് ഗുണ്ടല്‍പേട്ടില്‍ നടത്തുന്ന കൃഷിഫാമില്‍ ഉപയോഗിക്കുന്നതാണ് ഈ എയര്‍പിസ്റ്റള്‍ എന്നാണ് മൊഴി നല്‍കിയത്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരേ നിലവില്‍ മറ്റു കേസുകളില്ലെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണത്തിലേ ഇതും വ്യക്തമാകൂ.
വെള്ളിയാഴ്ച രാത്രി 9.15-നായിരുന്നു സംഭവം. പൂത്തോളിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡിനെയും ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം കവര്‍ച്ചചെയ്യുകയായിരുന്നു. പ്രവര്‍ത്തനസമയം കഴിഞ്ഞതിനാല്‍ താഴ്ത്തിവെച്ചിരുന്ന ഷട്ടര്‍ ഉയര്‍ത്തിയാണ് ഇവര്‍ അകത്തുപ്രവേശിച്ചത്. വിലകൂടിയ മദ്യമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ജീവനക്കാര്‍ ഇതിനു തയ്യാറാകാതിരുന്നതോടെയാണ് തോക്കുചൂണ്ടിയത്. പിന്നീട് ഇവര്‍ കാറില്‍ രക്ഷപ്പെടുകയും ചെയ്തു. ജീവനക്കാര്‍ അറിയിച്ചതസരിച്ച് വെസ്റ്റ് പോലീസ് ഇവിടെയെത്തുകയും നഗരത്തില്‍ പരിശോധന നടത്തുകയും ചെയ്തു. ഒരു ബാറില്‍നിന്നാണ് ഇവരെ പിടികൂടിയത്. എയര്‍ പിസ്റ്റളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. കാറും പിടിച്ചെടുത്തിട്ടുണ്ട്.


